Why I Can’t Let Go Relationship with him
എന്ത് കണ്ടിട്ടാ ചേച്ചി ഇവന്റെ പിറകെ ഇങ്ങനെ നടക്കുന്നതെന്ന് എല്ലാരും എന്നോട് ചോദിച്ചു കഴിഞ്ഞു . ചേച്ചിടെ കുറെ പൈസ മുടിപ്പിക്കുന്നത് ചേച്ചി അറിയുന്നില്ലേ ? ഇനി എങ്കിലും അവന്റെ ആവശ്യം പണം മാത്രം ആണെന്ന് ചേച്ചിക്ക് അറിഞ്ഞു കൂടെ ?
ഇത് ചോദിക്കുന്നവരോട് എനിക്ക് ഉള്ള മറുപടി .
പണത്തിനു വേണ്ടി എന്നുള്ളത് എല്ലാവരും പുറമെ നിന്നു കാണുന്നത് ഒരു കാര്യം മാത്രം ആണ് . പക്ഷെ എനിക്കറിയാം അവൻ പണം ചോദിക്കാൻ മാത്രം ആയിട്ടാണെങ്കിലും എന്നെ സമീപിക്കുന്നത് എന്തിനാണെന്ന് ..
അവന്റെ ഉള്ളിൽ ഞാൻ ജീവിച്ചിരിക്കുന്നതിന്റെ തെളിവ് ആണത് . അവനു ഈ ലോകത്തിൽ ഏറ്റവും കൂടുതൽ ഇഷ്ടം എന്നെ ആണെന്നുള്ള തെളിവ് . ഞാൻ അവനെ മറന്നോ , മറക്കാൻ തുടങ്ങിയോ , മറന്നു വേറെ ആരെ എങ്കിലും ഇഷ്ടപ്പെടുന്നുണ്ടോ എന്നെ അവനു നഷ്ടമായോ ? ഇതൊക്കെ എന്റെ സംസാരത്തിൽ നിന്നും അറിയാൻ വേണ്ടി ആണ് അവൻ ഇടക്കിടെ എന്നിൽ നിന്നും പൈസ ചോദിക്കുന്നത് . സംസാരിക്കുമ്പോൾ എന്റെ തൊണ്ട ഇടറുന്നുണ്ടോ , കള്ളം പറയാൻ ശ്രമിക്കുന്നുണ്ടോ എന്നൊക്കെ അവൻ ശ്രദ്ധിക്കും .
അവൻ ഈ ലോകത്തിൽ ഏറ്റവും ഇഷ്ടപ്പെടാത്ത കാര്യം , ഞാൻ അവനെ വിട്ടു മറ്റൊരാളെ സ്നേഹിക്കുന്നത് ആണ് . ഞാൻ മറ്റൊരാളെ സ്നേഹിക്കുന്നതും ഇഷ്ടപ്പെടുന്നതും അവൻ സഹിക്കില്ല . എന്റെ സ്നേഹത്തിനു വേണ്ടി എത്രയോ യുദ്ധങ്ങൾ അവൻ ചെയ്തു ജയിച്ചിരിക്കുന്നു .
എന്നെ ഇഷ്ടം ആണെന്ന് ഉള്ള കാര്യം അവനു തുറന്നു പറയാൻ മടി ആണ് . ഈഗോ . അത് മാത്രവുമല്ല മറ്റുള്ളവർ എന്ത് വിചാരിക്കും , എന്നാണവൻ കരുതി വച്ചിരിക്കുന്നത് . അവൻ ഒരാണല്ലേ . അവനെക്കാൾ എനിക്ക് പ്രായക്കൂടുതൽ ഇല്ലേ ? ആ എന്നെ പ്രേമിക്കുന്നത് പ്രകൃതി വിരുദ്ധം അല്ലെ . അത് നാട്ടു നടപ്പല്ലല്ലോ . അതിനെ വിളിക്കുന്നത് വേറെ പേരിൽ അല്ലെ . ഞാൻ ആ പേരിൽ അറിയപ്പെടാൻ ആഗ്രഹിക്കുന്നില്ല . ആരെങ്കിലും അറിഞ്ഞു പോയാൽ പിന്നെ ജീവിച്ചിരുന്നിട്ടു കാര്യമുണ്ടോ എന്നു അവൻ കരുതുന്നു .
പക്ഷെ അവനു എന്നെ ജീവനാണ് . എന്നെ കഴിഞ്ഞേ ഉള്ളു അവനു മറ്റെന്തും . എന്നെ കൂടാതെ അവനു ഒരു ജീവിതമില്ല . എന്റെ കാര്യത്തിൽ അവൻ ഭയങ്കര POCESSIVE ആണ് . എന്റെ കാര്യത്തിൽ മാത്രം അവൻ ഭയങ്കര SELFISH ആണ് . ഒരിക്കലും എന്റെ സ്നേഹം പങ്കു വെച്ചു പോകുന്നത് അവൻ സഹിക്കില്ല . ഒരിക്കലും അവന്റെ സ്ഥാനത്ത് ഞാൻ വേറെ ഒരാളെ കാണുന്നത് അവൻ അനുവദിച്ചു തരില്ല .
ഞാൻ കൂടെ ഇല്ലെങ്കിൽ എന്തോ ഒരു കുറവ് അവൻ എപ്പോഴും അനുഭവിക്കുന്നു . ഞാൻ ഉള്ളപ്പോൾ അവൻ സന്തോഷിക്കുന്നു എങ്കിലും അങ്ങനെ ഇല്ല എന്നു വരുത്തി തീർക്കാൻ അവൻ അനാവശ്യ ഗൗരവം നടിക്കും . മിണ്ടാൻ മടി കാണിക്കും . മാറി മാറി നടക്കും . വല്ലോടാതെക്കും നോക്കി ഇരിക്കും . പക്ഷെ ഉള്ളിൽ അവന്റെ എല്ലാം എല്ലാം ആയ ചേച്ചിടെ സമീപം ആണല്ലോ എന്ന ചിന്തയിൽ ആണ് .
എന്നാൽ കൂടെ ഇല്ലെങ്കിലോ 24 മണിക്കൂറും ഞാൻ എവിടെ ആയിരിക്കും , എന്ത് ചെയ്യുക ആയിരിക്കും , ആരുടെ കൂടെ ആയിരിക്കും , അവനെ ഓർക്കുന്നുണ്ടാവുമോ , ഇനി വേറെ ആരുടെ എങ്കിലും കൂടെ പോയോ , ഇതൊക്കെ ആണ് ചിന്തിക്കുക . അവനെ കൂടാതെ ഞാൻ മൂന്നാറിൽ പോയ പ്രയാസം കുറയാൻ ഒരാഴ്ച ആണ് എടുത്തത് . എന്റെ കൂടെ മൂന്നാറിൽ പോയവരൊക്കെ ഇന്നവന്റെ മനസ്സിൽ ശത്രുക്കൾ ആണ് . ഞാൻ അവന്റെ മനസ്സിൽ വലിയ ബലമുള്ള ഒരു തൂണ് ആണ് . അവൻ ആ തൂണിൽ ചാരി ആണ് എപ്പോഴും നടക്കുകയും ഇരിക്കുകയും കിടക്കുകയും ചെയ്യുന്നത് . അനാവശ്യം ആയി ഫോൺ ചെയ്യുകയോ മെസ്സേജ് അയക്കുകയോ ചെയ്യില്ല . വളരെ നിഗൂഡം ആണ് അവനു എന്നോടുള്ള ഇഷ്ടം . അത് അവൻ ഒരു മുത്തു ചിപ്പി പോലെ അവന്റെ ഹൃദയത്തിൽ മാത്രം സൂക്ഷിക്കാൻ ആഗ്രഹിക്കുന്നു . അവൻ എന്നെ സ്നേഹിക്കുന്ന കാര്യമോ കെയർ ചെയ്യുന്ന കാര്യമോ ഞാൻ അറിഞ്ഞാലോ എന്ന അനാവശ്യ പേടി . കാരണം അത് ലീക്ക് ആയാൽ ഞാൻ സ്നേഹം ആണെന്നും പറഞ്ഞു അവന്റെ പിറകെ പാട്ടു പാടി നടക്കുമെന്നും അത് അവന്റെ ഇമേജ് നെ ബാധിക്കുമെന്നും നാട്ടിൽ അവനുള്ള നിലയെയും വിലയെയും ബാധിക്കുമെന്നും അവൻ ഭയപ്പെടുന്നു . പക്ഷെ എന്നെ ഉപേക്ഷിക്കാനോ മറക്കാനോ കഴിയില്ല . ഒരിക്കലും . ഞാൻ കാരണം അവനു വീട്ടിൽ ഭയങ്കര പ്രശ്നങ്ങൾ ഉണ്ട് . എന്റെ കൂട്ട് ഉപേക്ഷിക്കണം എന്നു അവനോട് വീട്ടുകാർ പറയാൻ തുടങ്ങിയിട്ട് കുറെ നാൾ ആയി . എനിക്ക് വേണ്ടി അവൻ കുറെ എല്ലാം വാദിച്ചു നോക്കി . പക്ഷെ സഹി കെട്ടപ്പോൾ എന്റെ കൂട്ട് വിട്ടു എന്നവൻ വീട്ടിൽ കള്ളം പറഞ്ഞു . ഞാൻ ഒരിക്കൽ അവനെ വിട്ടു പോകും എന്നവൻ ഭയപ്പെടുന്നു . കാരണം അവൻ ഒരിക്കലും എന്നെ ഇഷ്ടമാണെന്ന് പറഞ്ഞിട്ടില്ല . മാത്രവുമല്ല അവന്റെ ഇഷ്ടം പുറമെ വരാതെ ഇരിക്കാൻ എന്നോട് വളരെ പരുക്കൻ ആയിട്ടാണ് പെരുമാറുന്നത് . ഇത് അവനും അറിയാം . അവന്റെ പരുക്കൻ സ്വഭാവത്തിൽ മനം നൊന്ത് ഒരിക്കൽ ഞാൻ അവനെ ഉപേക്ഷിച്ചു പോകുമെന്ന്..എനിക്ക് അത് ആരോചകം ആണെന്ന് അറിയാതെ ഇരിക്കാൻ ഞാൻ ഇടക്കിടെ ചോദിക്കും, അവനു എന്നോട് അല്പം കൂടി സ്നേഹത്തോടെ പെരുമാറിയാൽ എന്താണെന്ന് . അവൻ അതിനു പറഞ്ഞ മറുപടി , അവനു ഇത്രയും മാത്രമേ സ്നേഹിക്കാൻ അറിയാവൂ എന്നാണ്… പക്ഷെ അത് ആരോചകം ആണെന്ന് ഞാൻ ഒരിക്കൽ പോലും പ്രകടിപ്പിക്കുകയോ പറയുകയോ ചെയ്തിട്ടില്ല . കാരണം അവന്റെ രഹസ്യങ്ങൾ എനിക്ക് അറിയാമെന്നു ഒരിക്കലും അവനും അറിഞ്ഞിട്ടില്ല .
എന്നെ കാണാതെ വരുന്ന രണ്ടാം ദിവസം തന്നെ
ഞാനുമായുള്ള ഓർമകൾ അസഹനീയം ആവുമ്പോൾ
ഉടനെ ഞാൻ എവിടെ ആണെന്ന് അവനു അറിയണം . ഉടനെ
അവനു ഒന്നുകിൽ വിശപ്പ് തോന്നും . അല്ലെങ്കിൽ അവന്റെ അന്നത്തെ നെറ്റ് പെട്ടെന്ന് തീരും . അവനോടുള്ള സ്നേഹം ഞാൻ മനസ്സിൽ കരുതുന്നുണ്ടോ എന്നറിയണം . ഉടനെ വിളിക്കും . അല്ലെങ്കിൽ മെസ്സേജ് അയക്കും . ഞാൻ എത്രാമത്തെ റിങ്ങിൽ ഫോൺ എടുക്കുന്നു , എത്ര സമയം കൊണ്ട് മെസ്സേജ് കാണുന്നു , ഇതൊക്കെ അവൻ കണക്കു കൂട്ടും . ഫോൺ എടുക്കാൻ വൈകിയാലോ മെസ്സേജ് കാണാൻ വൈകിയാലോ അവന്റെ മനസ്സ് അസ്വസ്ഥം ആകാൻ തുടങ്ങും .
അവിടെ അവൻ കരുതുന്നത് അവന്റെ ചേച്ചി വേറെ ആരുടെയോ കൂടെ ആണ് . അവനെ വിട്ടു പോയി , എന്നു തന്നെ ആണ് . അവന്റെ മനസ്സിൽ മിന്നൽ പിണറുകൾ , ഹൃദയത്തിൽ രക്തം പൊടിയും . ഒരു മൂകത അവനിൽ മഞ്ഞു പോലെ വന്നു മൂടും . ഇതെല്ലാം അറിഞ്ഞിട്ടും അറിയില്ല എന്ന് നടിക്കുന്ന ഞാൻ ഫോൺ പറ്റാവുന്ന വേഗതയിൽ എടുക്കും . അപ്പോൾ ആയിരിക്കും മെസ്സേജ് അയച്ചിട്ടും കാണാത്തത് കൊണ്ട് ആണ് വിളിച്ചത് എന്നു അറിയുന്നത് . പിന്നെ രാജാവ് വേലക്കാരോട് പറയുന്ന പോലെ ഒരു ഉത്തരവ് ആണ് . അധികം വാക്കുകൾ ഒന്നുമില്ല . 19 എന്നു മാത്രം ആയിരിക്കും മിക്കവാറും . അല്ലെങ്കിൽ ഒരു SCANNER BAR CODE ഉം ഒരു തുകയും കാണും . മിക്കവാറും 150 ആയിരിക്കും . ഇതിനർത്ഥം ഇത്രയേ ഉള്ളു . 19 രൂപക്ക് നെറ്റ് റീചാർജ് ചെയ്തു കൊടുക്കണം . അല്ലെങ്കിൽ അയച്ചിരിക്കുന്ന സ്കാനർ കോഡ് ലേക്ക് 150 രൂപ അയക്കണം . ആ സമയത്തെ ഗൗരവം , ചുരുങ്ങിയ വാക്കുകൾ ഇതൊക്കെ ഇത്രയേ സൂചിപ്പിക്കുന്നുള്ളൂ . ആ നിമിഷങ്ങളിൽ അവനു എന്നോടുള്ള സ്നേഹത്തിൽ വിങ്ങുന്ന ഹൃദയം ഒളിപ്പിച്ചു വക്കാൻ അവൻ പാട് പെടുന്നു , അത് മാത്രം , അത്ര മാത്രം . പണം മാത്രം എന്നിൽ നിന്നും ആഗ്രഹിക്കുന്നതായി മറ്റുള്ളവർ കാണുന്നതിന്റെ
ഇതിന്റെ രഹസ്യം ഈ ലോകത്തിൽ എനിക്ക് മാത്രം അറിയാവുന്ന ഞാൻ പിന്നെ എന്ത് ചെയ്യണം . ഇവനെ ഉപേക്ഷിച്ചു പോകണോ . എനിക്ക് ഒരിക്കലും കഴിയില്ല . എന്നെ ജീവനാണ് . പക്ഷെ അത് ഉള്ളിന്റെ ഉള്ളിൽ എന്നെ അവന്റെ ആത്മാവായി പ്രതിഷ്ഠിച്ചു വച്ചു ആരാധിക്കുന്ന രഹസ്യം എനിക്ക് മാത്രം അറിയാവുന്ന ഞാൻ ഈ പതിവ് ഇതു വരെ മുടക്കിയിട്ടില്ല . ഇനി പറ .ഇനി നിങ്ങൾ പറ . അവന് ആരോടും ഈ കാര്യം തുറന്നു സമ്മതിക്കാൻ കഴിയില്ല . ഈ ജന്മ രഹസ്യം . 100 തവണ എങ്കിലും വഴക്ക് ഇട്ടു പോയിട്ടുണ്ട് ഈ കാലത്തിനിടക്ക് . 7 ദിവസത്തിൽ കൂടുതൽ പിരിഞ്ഞിരിക്കാൻ കഴിഞ്ഞിട്ടില്ല അവന് . അവൻ ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷിച്ചിട്ടുള്ളത് എന്റെ കൂടെ നടക്കുമ്പോൾ ആണ് .
അവനു ഏറ്റവും കൂടുതൽ സന്തോഷം നൽകിയിട്ടുള്ള വ്യക്തി ഞാൻ ആണ് . അവനു ഏറ്റവും കൂടുതൽ ഉള്ള നല്ല നിമിഷങ്ങളും ഓർമകളും എന്നോടൊപ്പമാണ് .
എന്നോടൊത്തുള്ള ആഗ്രഹങ്ങൾ അവൻ പരമ രഹസ്യം ആയി ഉള്ളിൽ കൊണ്ടു നടക്കുന്നു ആരോടും പറയാനാവാതെ . ഈ എന്നോട് പോലും … ഒരു നിവൃത്തി ഇല്ലാതെ വരുമ്പോൾ മാത്രം ആണ് അവൻ വേറെ ആരുടെ എങ്കിലും കൂടെ എവിടെ എങ്കിലും പോകുന്നത് . ആ സമയത്ത് അവന്റെ കൂടെ ഉള്ള ആളുകൾ എല്ലാം ഞാൻ ആണെന്ന് അവൻ വിചാരിക്കും . അല്ലെങ്കിൽ അവനു അങ്ങനെ തോന്നും …ആർക്ക് ആരോടാണ് സ്നേഹക്കൂടുതൽ എന്നു ഇതുവരെ കണ്ടു പിടിക്കാൻ കഴിഞ്ഞിട്ടില്ല . കാരണം അവന്റെ സ്നേഹം പരമ രഹസ്യം ആണ് . എനിക്ക് ആരെയും പേടി ഇല്ലാത്തത് കൊണ്ട് എനിക്ക് അവനോടുള്ള സ്നേഹം എല്ലാവർക്കും അറിയാം .
അവനെ എനിക്ക് ജീവൻ ആണെന്ന് എല്ലാവർക്കും അറിയാം .
എന്ത് കണ്ടിട്ടാ ചേച്ചി ഇവന്റെ പിറകെ ഇങ്ങനെ നടക്കുന്നതെന്ന് എല്ലാരും എന്നോട് ചോദിച്ചു കഴിഞ്ഞു . ചേച്ചിടെ കുറെ പൈസ മുടിപ്പിക്കുന്നത് ചേച്ചി അറിയുന്നില്ലേ ? ഇനി എങ്കിലും അവന്റെ ആവശ്യം പണം മാത്രം ആണെന്ന് ചേച്ചിക്ക് അറിഞ്ഞു കൂടെ ?
അറിയാം എല്ലാം അറിയാം.